Thursday, September 17, 2015

ഉദരക്രിയ

ഉദരക്രിയ
പുറത്തു ജന്നാലയരികിൽ ഒളിച്ചു നിന്ന പാക്കരനെ കാണാതെ അവൾ തന്റെ ഉദരത്തിനുള്ളിൽ വിശ്രമിക്കുന്ന കുഞ്ഞുമായി സല്ലാപത്തിൽ മുഴുകിയിരുന്നു.
കട്ടിലിനരികിലെ ജന്നൽ പടിയിൽ ചാഞ്ഞിരുന്ന അവളെ നിലാവെളിച്ചം എന്നത്തെക്കാളും സുന്ദരിയാക്കിയിരുന്നു.
പാക്കരൻ തന്റെ ഇന്നത്തെ തൊഴിൽ ലക്ഷ്യത്തിന്റെ ഭാഗമായ ശിവക്കാവിലെ ഭണ്ഡാ രപ്പെട്ടിക്കായി വന്നെങ്കിലും അമ്പലവഴിയിലെ തിരക്കൊഴിയാനാണ് അയാൾ അവിടെ കാത്തു നിന്നത് നിറവയറുമായിരിക്കുന്ന അവളുടെ ചിത്രം തന്റെ ജോലിയുടെ ദുഷ്കീർത്തിയാൽ ഉപേക്ഷിച്ചു പോയ തന്റെ സഹധർമ്മിണിയുടെ ഓർമ്മകളിലേക്ക് നയിച്ചു എന്നാൽ വൈകുന്നേരം അകത്താക്കിയ ചക്കപ്പുഴുക്കിന്റെ വയറിങ്ങിലെ നൃത്തം തന്റെ ഓർമ്മകളിൽ നിന്ന് വഴി മാറ്റി. ഒരു മതിൽ വ്യത്യാസത്തിൽ ഉദരത്തിനെ വ്യാകുലപെട്ട് രണ്ടു പേർ!.
അവൾ
തന്നെ ഉപേക്ഷിച്ചു പോകാനൊരുങ്ങിയ ഭർത്താവിനെ തടഞ്ഞതിനു കിട്ടിയ സമ്മാസത്തൊഴിയുടെ ആഘാതം അവളുടെ അടിവസ്ത്രത്തിലൂടെ ചോരത്തുള്ളികൾ പൊഴിച്ചു ആ ചോരത്തുള്ളികൾ അവളുടെ വെള്ളപ്പാവാടയിൽ മഞ്ഞാടി കുരുക്കൾ സ്യഷ്ടിച്ചു പക്ഷെ പാതി ബോധം നശിച്ചവൾ അതൊന്നും അറിഞ്ഞിരുന്നില്ല അവൾ ഉറക്കത്തിലെ പിച്ചും പേയുമെന്ന പോലെ അവൾ കുഞ്ഞുമായി കൊഞ്ചി കൊണ്ടിരുന്നു.
"കുത്തെ നീ ആ അമ്പിളി അമ്മാവനെ  നോക്കിയെ അമ്മാവൻ നമ്മളെ നോക്കി ചിരിക്കുന്നത് കണ്ടൊ നമ്മൾ ഇപ്പോ അങ്ങോട്ട് വരുന്നില്ലെ പിന്നെ വരാമെന്ന് പറ മാമനോട് !"
തെക്കൻ കാറ്റു മുറിയിലൂടെ  അലഞ്ഞു നിലത്തു കിടന്ന ഒരു കടലാസിനെ വായു വിലേറ്റി അവളുടെ അടുക്കലേക്കു വന്നു. അവളുടെ കണ്ണുകൾ ആ കടലാസിലേക്ക് ഓടി അവൾ പുച്ഛത്തോടെ ആ കടലാസിലേക്ക് നോക്കി "ഓ പിന്നെ! അവരല്ലേ എല്ലാം തീരുമാനിക്കുന്നത് ബുദ്ധിയുണ്ടോന്നും വികലാംഗനാണോനൊക്കെ! എന്റെ കുഞ്ഞിനു ഒരു കുഴപ്പവും ഇല്ലാ! ഒരു സ്കാനിങ്ങ് റിപ്പോർട്ട്! "അവൾ ദേഷ്യത്തോടെ ആ കടലാസ്സു വലിച്ചെറിഞ്ഞു.
"എന്താ കുഞ്ഞെ കുറച്ചു നേരമായിട്ടു  നീ എന്നോടു ഒന്നും മിണ്ടാത്തെ ! നീ ഇന്നലെ വരെ ചവിട്ടും ബഹളവും ഒക്കെ ഉണ്ടായിരുന്നല്ലോ ഇപ്പോ എന്തു പറ്റി! അച്ഛനെ പോലെ നീയും എന്നെ തനിച്ചാക്കിയിട്ടു പോയൊ!"
"നമുക്ക് അമ്പിളി അമ്മാവന്റടുത്തേക്ക് പോകാം! നമുക്ക് ഇവിടെ ആരു ഇല്ല! നിന്റെ അച്ഛൻ പറഞ്ഞതു കേട്ടില്ലെ ഒരു മന്തബുദ്ധി കുഞ്ഞിനെ വേണ്ടെന്ന്!"
മേശപ്പുnത്തിരിക്കുന്ന പനാമർ കുപ്പി അവളെ നോക്കി അഹങ്കാരത്തോടെ ചിരിച്ചു.
അമ്പലവഴിയിൽ ആളൊഴിഞ്ഞു പാക്കരന് ജോലിക്കു പോകാൻ സമയമായി. അയാൾ ഒരു ചാക്കും തോളിലേറ്റി ശിവകാവിലേക്ക് പോയി.
അവൻ
പകലിന്റെ ഉഷ്ണത്തിനു പ്രതികാരമായി രാത്രിയെ ശമിപ്പിക്കാൻ മഴത്തുള്ളികൾ പൊഴിഞ്ഞു തുടങ്ങി തെക്കൻ കാറ്റു ആഞ്ഞടിച്ചു.ശിവകാവിലെ മണികൾ തനിയെ ഈണമിട്ടു.
ഭൂമിയുടെ ചൂട് പൊന്താൻ തുടങ്ങിയപ്പോ ജന്നാലയിലൂടെ ഒരു പുതിയ സന്ദർശകൻ വീടിനുള്ളിലേക്ക് ഇഴഞ്ഞു വന്നു, വെള്ളി കെട്ടിയ കയറുപോലെ ഒരു മൂർഖൻ .
ഓർമ്മകളിൽ മുഴുകിയിരിക്കുന്ന അവളുടെ പാദങ്ങളിലൂടെ അവൻ ഇടഞ്ഞത് അവൾ അറിഞ്ഞിരുന്നില്ലെങ്കിലുംഅവളുടെ തൊട്ടടുത്തെത്തിയപ്പോ അവളുടെ കണ്ണിൽപ്പെട്ടു അവൾ ഞെട്ടലോടെ കൈമാറ്റാൻ ശ്രമിച്ചു അവൻ ക്ഷണം കുടവിടർത്തുന്നതു പോലെ പത്തി പടർത്തി.
മരണത്തെ മുഖാമുഖം കണ്ടു നിന്നിരുന്ന അവൾക്ക് ഭയം തോന്നിയില്ല.
അവൾ:" നീ ദേഷ്യപെടണ്ട ! നിന്നെ ഞാൻ ഒന്നും ചെയ്യില്ലടാ! നീ ഒന്നു മനസ്സു വച്ചാൽ എന്റെ ജോലി കുറച്ചു കൂടി എളുപ്പമാകും! ആ പനാമ ർ കുപ്പിക്കും സന്തോഷമാകും"
അവൻ അവളുടെ ഉദരത്തിലേക്ക് ഇഴഞ്ഞു കയറി വിടർത്തിയ പത്തിയോടെ അവളുടെ മുഖത്തേക്ക് തുറിച്ചു നോക്കിക്കൊണ്ടിരുന്നു.
അവൾ :"നിനക്ക് കുഞ്ഞിനെയാണൊ വേണ്ടത്? നീ തോറ്റു പോയല്ലോടാ! അവൻ നീ വരുന്നതിനു മുൻപെ പോയല്ലോടാ! അവൾ ഒരു ഭ്രാന്തൻ ചിരിയോടെ പറഞ്ഞു."
അവൻ പതുക്കെ പത്തി താഴ്ത്തി ഇഴഞ്ഞു പോകാൻ തുടങ്ങി. അവൾ:"അയ്യോ പോകല്ലെ! എന്നെ കൂടി പറഞ്ഞു വിടു"
അവൻ വന്ന വഴിയെ തിരിച്ചു പോയി.
ഇടി കുടുങ്ങി കൊണ്ടു മഴ ഉറച്ചു പെയ്യാൻ തുടങ്ങി! അവളുടെ ഉദരത്തിൽ ചത്തിരുന്ന ഘടികാരം വീണ്ടും ചലിച്ചു തുടങ്ങി.
അവൾ കണ്ണീർ നിറഞ്ഞ ആഹ്ലാദത്തോടെ ഉദരത്തിൽ കൈവച്ചു" നീ അമ്മയെ വിട്ടു പോയില്ലെ കള്ളാ !"
അവളിൽ പ്രതീക്ഷയുടെ വെളിച്ചം മേഘങ്ങൾ താണ്ടി പുറത്തു വന്നു.
അവളിലേക്ക് പ്രസവവേദന ഇരച്ചുകയറാൻ തുടങ്ങി. നേരംഅടുത്തിരിക്കുന്നു.
അവൾ നിലവിളിയിൽ അഭയം പ്രാപിച്ചു! അവളുടെ നിലവിളി കേൾക്കാൻ അടുത്ത പുരേടത്തിലിരിക്കുന്ന ശിവകാവിലെ വിഗ്രഹമല്ലാതെ വേറെയാരും ഇല്ലെന്ന് അവൾക്ക് ബോധ്യമുണ്ടായിട്ടും അവൾ അതു തുടർന്നു കൊണ്ടേയിരുന്നു.
അയാൾ
ആനയുടെ ചങ്ങലനാദം പോലെ ചാക്കിലെ നാണയ കിലുക്കവുമായി വന്ന പാക്കരനെ കാത്തിരുന്നത് അവളുടെ നിലവിളിയാണ് അയാൾ ജന്നാലയിലുടെ ഒളിഞ്ഞു നോക്കി .മനുഷ്യത്വം തികച്ചും നശിച്ച അയാളിലെവിടയോ ബാക്കിയായി കിടന്ന എച്ചിൽ തന്റെ വയറ്റിലെ ചക്കപ്പുഴുക്കു പോലെ തികട്ടി. അയാൾ വാതിൽ ചവിട്ടി തുറന്ന അകത്തേക്ക് കടന്നു.കത്തിച്ചു വച്ചിരുന്ന നിലവിളക്കിന്റെ വെളിച്ചത്തിൽ  അയാളുടെ നിഴൽ നീണ്ടു.
അവൾ ഒരു നിമിഷം ഭയന്നു അയാളിലേക്ക് ശ്രദ്ധ തിരിഞ്ഞു.
അവൾ:" എന്നെ രക്ഷിക്ക് എന്നെ ആശുപത്രിയിൽ കൊണ്ടു പോ!"
വാർദ്ധക്യം ബാധിച്ച അയാൾ എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം നിലച്ചു നിന്നിട്ടയാൾ  പുറത്തേയ്ക്കോടി.
അയാൾ വഴിയിൽ വണ്ടി വെളിച്ചത്തിനായി പ്രതീക്ഷയോടെ കാത്തു നിന്നെങ്കിലും അതിന്നു അർത്ഥമുണ്ടായില്ല അയാളുടെ ചിന്തകളിലെവിടയോ എന്തോ തടഞ്ഞതിന്റെ ഫലമായി അയാൾ വടക്കോട്ടോടി.
നിലാവെളിച്ചത്തിൽ വാർദ്ധക്യത്തിനെ മറന്നു കൊയ്ത്തു കഴിഞ്ഞ് വയലിലൂടെ ചെളിവെള്ളം തല്ലി തെറിപ്പിച്ചയാൾ പാഞ്ഞു. റാന്തൽ വെളിച്ചം കെടാറായ ഒരു വീട്ടിലേക്ക് ഓടി കയറി കതകിൽ മുട്ടി.
"ആരാണ്ടാ കതകു തല്ലി പൊളിക്കണത് ! ഞാനാ പണിയൊക്കെ നിർത്തിയിട്ടു കാലങ്ങളായി"
പാക്കരൻ വീണ്ടും മുട്ടി.
"ഫാ! ആർക്കാടാ ഇത്രയ്ക്ക് കുളിരു സഹിക്കാൻ പറ്റാത്തത്!"
പാക്കരൻ :"എടി വത്സമ്മെ ഞാനാ പാക്കരൻ"
വത്സമ്മ കതക്കു തുറന്നു മുടി കൂട്ടി കെട്ടി
"എന്താണ്ട പാക്കരാ നിനക്ക് ഇപ്പഴും ഈ വഴിയക്ക ഓർമ്മ ഉണ്ടാ!"
പാക്കരൻ :" എടി പെട്ടെന്നു നീ എന്റെ കൂടെ ഒരിടം വരെ വരണം"
വത്സമ്മ:" ഫാ! ഇരപ്പെ! കല്യാണം കഴിഞ്ഞപ്പം ഇങ്ങോട്ട് തിരിഞ്ഞു നോക്കാത്ത നീന്റെ വാക്കും ക്കേട്ട് ഇnങ്ങി വരാനാ! എന്തര് അവളെ മടുത്താ!"
പാക്കരൻ:" അതിനല്ലടി ശവമെ അത്യാവശമായി ഒരു പേറെടുക്കാനാ"
വത്സമ്മ :"അതിനു നിന്റെ ഭാര്യ ഇപ്പോ ദിവാകരന്റെ കൂടെ അല്ലേ!"പരിഹാസത്തോടെ പറഞ്ഞു.
പാക്കരൻ:" ഇതു വേറെ ആളാ! നീ പെട്ടെന്ന് വന്നില്ലെങ്കിൽ അതു തീരും!".
വത്സമ്മ :"ഞാൻ പേറെടുക്കണ ജോലി ഒക്കെ നിർത്തിയതാ! ഇപ്പ എല്ലാവരും ആശുപത്രിയിൽ അല്ലെ പോണെ! നീ പറഞ്ഞോണ്ടു ഞാൻ വരാ!"
ആരെന്നോ എന്തന്നോ അറിയാതെ വത്സന്മയും പാക്കരനും യാത്ര തിരിച്ചു.
ഏറെ നടന്ന വത്സമ്മ ക്ഷീണിതയായി കിതച്ചു നിന്നു വാർദ്ധക്യത്തിന്റെ ഫലങ്ങൾ.
പാക്കരൻ അനുവാദം പോലും ചോദിക്കാതെ വത്സമ്മയെ കോരിയെടുത്തുകൊണ്ടോടി
വത്സമ്മയുടെ കണ്ണുകളിൽ എന്നോ പറയാൻ മടച്ച പ്രണയത്തിന്റെ വെളിച്ചം അവളുടെ കണ്ണിൽ വിളങ്ങി. അവൾ ഒരു കുഞ്ഞിനെ പോലെ അയാളുടെ കയ്കളിൽ കിടന്നു കൊണ്ട് അയാളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ടിരുന്നു.
ചക്കപ്പുഴുക്കിന്റെ വായു പ്രവാഹം പാക്കരന്റെ പിന്നാമ്പുnത്തു പൊട്ടി!
വത്സമ്മ:" എന്താണ്ടാ നീന്റെ പുരേടത്തിലെ വരിക്കപ്ലാവിന്റെ കൊതി ഇതുവരെ തീർന്നിലേടാ!"
അയാൾ അതൊന്നും ശ്രദ്ധിക്കാതെ തന്റെ ലക്ഷ്യത്തിനു വേണ്ടി പാഞ്ഞു.
ഒടുവിൽ ലക്ഷ്യസ്ഥാനമെത്തിയപ്പോഴേക്കും നിലവിളി നിലച്ചിരുന്നു. അവൾ ബോധരഹിതയായി നിലത്തു കിടന്നു.
വത്സമ്മ:" ആരാണ്ടാ ഇത്!"
പാക്കരൻ:" ആ "പാക്കരൻ കൈ മലർത്തി.
വത്സമ്മ:"കൊല്ലാപ്പാവോ!"
പാക്കരൻ :"ഇതിന്റെ കെട്ടിയോൻ കളഞ്ഞിട്ടു പോയി അത്രെ എനിക്കറിയാവു!"
വത്സമ്മ :"ജീവനുണ്ട് "അവളുടെ നെഞ്ചത്തു തല വെച്ചു കൊണ്ട് പറഞ്ഞു.
"നീ വെക്കം പോയി ഒരു തുണിയെടുത്തോണ്ടുവാ!"
"ഞാനിപ്പ എവിടന്നാ തുണികൊണ്ടുവരാനാ എന്റെ ഉടുമുണ്ട് മതിയാ!"ചോദിക്കുന്നതിനുമുമ്പ് തന്നെ അയാൾ മുണ്ടൂരി വത്സമ്മയുടെ കയ്യിൽ കൊടുത്തു.
വത്സമ്മ:" ഹോ! ഇതിനു എന്തര് മുശുക്ക് നാറ്റം"
പാക്കരൻ ചെറു നാണപുഞ്ചിരിയോടെ ട്രൗസ്സറിന്റെ വള്ളിയിൽ പിടിച്ചു.
വത്സമ്മ:" നീ അങ്ങോട്ട് പുറത്തോട്ട് നിക്കീൻ"
ട്രൗസ്സറിന്റെ വള്ളിയും പിണഞ്ഞ് അയാൾ വേവലാതിയോടെ മുറ്റത്ത് ഇരുന്നു.
പെട്ടെന്ന് തീവണ്ടിയുടെ ചൂളം വിളിപോലെ കുഞ്ഞിന്റെ നിലവിളി ഉയർന്നു.
വത്സമ്മ പെട്ടെന്ന് പുറത്തേക്ക് വന്നു" വെക്കം കുnച്ച് വെള്ളം കൊണ്ട് വരീൻ"
പാക്കരൻ ക്ഷണം കിണറ്റിൽ നിന്ന് ഒരു തൊട്ടി വെള്ളം കൊടുത്തുകൊണ്ട് ആകാംശ യോടെ ചോദിച്ചു "ചെക്കനാ  പെണ്ണാ?"
വത്സന്മ ചെക്കനാ! വത്സമ്മ പാതിയിൽ നിർത്തിയ ജോലി തുടരാനായി മടങ്ങി.
പാക്കരൻ വീണ്ടും മുറ്റത്ത് കുഞ്ഞിനെ കാണാനുള്ള ആകാംശയോടെ കാത്തു നിന്നു.
അകത്തുനിന്നു ഉച്ചത്തിൽ വത്സമ്മ "കയറിവാ പാക്കരാ! "വത്സമ്മ ഉടുമുണ്ടിൽ പൊതിഞ്ഞ കുഞ്ഞിന്നെ പാക്കരന്റെ കയ്യിൽ കൊടുത്തു.
പാക്കരൻ :"നല്ല സുന്ദരൻ അല്ലേടി, അവന്റെ കയ്യും കാലും ഒക്കെ നോക്കിയെ നല്ല ആരോഗ്യം ഉള്ള ചെക്കനാ!"
വത്സമ്മ:" പ്രസവിച്ചപ്പോ നീലിച്ചാ  ഇരുന്നെ, ഇപ്പഴാ വെളുത്തെ"
വയറൊഴിഞ്ഞ അവൾ കുഞ്ഞിനെ പോലും നോക്കാനെ ശിവകാവിലേക്ക് തന്നെ നോക്കി കൊണ്ടിരുന്നു.
വത്സമ്മ:" കൊച്ചെ! ഇവന് തൊട്ടു കൊടുക്കാൻ നിന്റെ കയ്യിൽ സ്വർണ്ണം വല്ലതും ഉണ്ടാ!"
അവൾ നിലച്ച ശവം പോലെ ശിവകാവിലേക്ക് തന്നെ നോക്കി കൊണ്ടിരുന്നു.
പാക്കരൻ ഒരു നിമിഷം ചിന്തയിൽ മുഴുകിയിട്ടു പെട്ടെന്നു തന്റെ മോഷണസഞ്ചിയിൽ നിന്നു ആരോ കാണിയ്ക്ക ഈട്ട സ്വർണ്ണം പൂശിയ ശൂലം എടുത്തോണ്ടുവന്നു.
വത്സമ്മ :"എവിടന്നാ ഇത്?"
പാക്കരൻ :"നീ എന്തിനാ അതറിയണെ!"
പാക്കരൻ തന്നെ സ്വർണ്ണ മുരച്ചു തേന്നും ചേർത്ത മിശ്രിതം അവളുടെ അടുക്കലേക്ക് വച്ചു വത്സമ്മ കുഞ്ഞിനെ അവളുടെ അടുക്കലേക്ക് കിടത്തി.
വത്സമ്മ:" നേരം വൈകി നീ പെട്ടെന്നു തൊട്ടു കൊടുക്ക് പെണ്ണെ!"
അവൾ:" പാക്കരൻ ചേട്ടൻ തന്നെ അവന് തൊട്ടു കൊടുത്താൽ മതി"
വത്സമ്മ:" എന്തര് പറയണത് പെണ്ണ! ഇവൻ ഇവിടത്തെ പേരുകേട്ട കള്ളനാ!"
"തൊട്ടു കൊടുക്കുന്നവന്റെ സ്വഭാവാ കൊച്ചിനു വരണെ!"
അവൾ:" അവൻ എന്തും ആയിക്കോട്ടെ പക്ഷെ അവൻ മനുഷ്യത്വം ഉള്ളവൻ ആകുമല്ലോ!"
ആ ഉത്തരം വത്സമ്മയുടെ ഉത്തരം മുട്ടിച്ചു.
നിറകണ്ണുകളോടെ പാക്കരൻ മിശ്രിതം തന്റെ ചുണ്ടുവിരലിലൂടെ അവന്റെ നാവിൽ പകർന്നു അവൾ അതു കൊതിയോടെ നുണഞ്ഞു.
പാക്കരൻ അവന്റെ നെറുകയിൽ തന്റെ ഉന്തിയ പല്ലുകളൊതുക്കി ചുംബിച്ചു.
അവന്റെ സുഗന്ധം അയാളുടെ മുക്കിനെ ഒരു തുരപ്പന്റെ മൂക്കു പോലെ ചലിപ്പിച്ചു.
പാക്കരൻ :"എടി വത്സമ്മെ നീ എന്തിനാ ഇവനെ ഭസ്മത്തിൽ തുടച്ചേ?"
വത്സമ്മ:" ഭസ്മൊ ഏതു ഭസ്മം?"
പാക്കരൻ:" ഇവനെ പിന്നെ എങ്ങനയാ ഭസ്മം മണക്കണെ"
വത്സമ്മ :"ശരിയാണല്ലോ അതെങ്ങനെ!"
ശിവകാവിലെ മണികൾ തനിയെ മുഴങ്ങി, അന്തരീക്ഷം ക്ഷുഭിതമായി, കൊടും കാറ്റു വീശാൻ തുടങ്ങി ,കൂവളം പൂത്തു.
പാക്കരനും വത്സമ്മയും അമ്പരപ്പോടെ അവനെ നോക്കി
അവൾ ശിവക്കാവിലേക്ക് നോക്കി ഒരു ഭ്രാന്തിയെ പോലെ അട്ടഹസിക്കാൻ തുടങ്ങി!
------------------------------------------------------------------------------------------------------------------------------------------
                                                                                 വിമൽ സുരേഷ്
ALL COPYRIGHTS RESERVED TO WWW.KADHATHERUVU.BLOGSPOT.COM

No comments:

Post a Comment